
കല്പകഞ്ചേരി: കടുങ്ങാത്തുകുണ്ടിലെ വളവന്നൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ സ്‌പെഷലിസ്റ്റുകളോ വേണ്ടത്ര മറ്റ് ഡോക്ടര്‍മാരോ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. വളവന്നൂര്‍, കല്പകഞ്ചേരി, പൊന്മുണ്ടം, ചെറിയമുണ്ടം, ആതവനാട്, പെരുമണ്ണ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്.
പ്രാഥമികാരോഗ്യകേന്ദ്രം പിന്നീട് ബ്ലോക്ക് ആരോഗ്യകേന്ദ്രവും കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രവുമായി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ്പാറ്റേണ്‍ അനുസരിച്ചാണ് ആസ്പത്രി പ്രവര്‍ത്തിക്കുന്നത്. ഒരു സിവില്‍സര്‍ജനും ഒരു അസിസ്റ്റന്റ് സര്‍ജനും കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഉള്ള ഒരു ഡോക്ടറുമാണുള്ളത്. ഇതില്‍ ഒരാള്‍ മെഡിക്കല്‍ ഓഫീസറാണ്. ഇദ്ദേഹത്തിന് ക്യാമ്പുകള്‍ക്കും യോഗങ്ങള്‍ക്കും പോകേണ്ടതിനാല്‍ പലപ്പോഴും രോഗികളെ പരിശോധിക്കാന്‍ കഴിയാറില്ല. മഴക്കാല രോഗങ്ങളുടെ സമയത്ത് അനുവദിച്ചുകിട്ടിയ രണ്ട് ഡോക്ടര്‍മാര്‍ ഇപ്പോഴില്ല.
ദിവസവും 400- 500 രോഗികള്‍ ഒ.പിയില്‍ ചികിത്സ തേടുന്ന ഇവിടെ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണ്ടതാണ്. കമ്മ്യൂണിറ്റി ആസ്പത്രിയില്‍ ഒരു സിവില്‍സര്‍ജനും നാല് മറ്റ് ഡോക്ടര്‍മാരും വേണ്ടതാണ്. ഇതില്‍ രണ്ടുപേര്‍ സ്‌പെഷലിസ്റ്റുകളുമാകണം.
എന്നാല്‍ സ്‌പെഷലിസ്റ്റുകളാരും ഇല്ലാത്തതിനാല്‍ ആസ്പത്രി സാധാരണ ഒ.പിയില്‍ ഒതുങ്ങുകയാണ്. ഗൈനക്കോളജിസ്റ്റും കുട്ടികളുടെ സ്‌പെഷലിസ്റ്റും വന്നാല്‍ ആസ്പത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കാനാകും. രാത്രിസമയത്ത് കോമ്പൗണ്ടിലെ ക്വാര്‍ട്ടേഴ്‌സില്‍ ഒരു ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കിയാല്‍ കിടത്തിച്ചികിത്സയും കുറ്റമറ്റ രീതിയിലാക്കാനാകും. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രാത്രി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ല. ഇതുമൂലം കിടത്തിച്ചികിത്സ വേണ്ട രോഗികള്‍ മറ്റ് ആസ്പത്രികളെ തേടിപ്പോകുകയാണ്.
വിദഗ്ധ ഡോക്ടര്‍മാരില്ലാത്തത് ആസ്പത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. അബ്ദുല്‍ അസീസ് പറയുന്നു. വിദഗ്ധ ചികിത്സ ആവശ്യമില്ലാത്ത കേസുകള്‍ അഡ്മിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വാര്‍ഡ് എപ്പോഴും അടഞ്ഞുകിടക്കുകയാണെന്നാണ് ജനങ്ങളുടെ ആരോപണം. രാത്രിസമയത്ത് ഡോക്ടറെ കിട്ടില്ല. വെള്ളവും പലപ്പോഴും വാര്‍ഡിലുണ്ടാവില്ലെന്നും അവര്‍ പരാതിപ്പെടുന്നു.
വളവന്നൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യവുമായി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ 22ന് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.