തിരൂര്‍: ജനമൈത്രി പോലീസിന്റെ കാരുണ്യത്തില്‍ 11 വയസ്സുകാരിക്ക് ഹൃദയശസ്ത്രക്രിയ. തിരൂര്‍ പൂക്കയിലിനടുത്ത് പൊറൂരിലെ മേപ്പറമ്പത്ത് മുഹമ്മദലിയുടെയും ഫാത്തിമയുടെയും മകള്‍ നസീബയ്ക്കാണ് ജീവിതം തിരിച്ചുകിട്ടിയത്. പൊറൂര്‍ കല്ലിങ്ങല്‍ എ.എം.എല്‍.പി. സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് നസീബ. ജന്മനാ ഹൃദയവാല്‍വുകള്‍ക്ക് തകരാറുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ കഴിഞ്ഞ 10 വര്‍ഷമായി കണ്ണീരില്‍ കഴിയുകയായിരുന്നു കുടുംബം. അപ്പോഴാണ് ജനമൈത്രി പോലീസ് അത്താണിയായെത്തിയത്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സണ്‍റൈസ് സ്‌പെഷാലിറ്റി ക്ലിനിക്കിന്റെയും കോട്ടയം ഭാരത് കാര്‍ഡിയോ വാസ്‌കുലര്‍ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ തിരൂര്‍ ജനമൈത്രി പോലീസ് കുട്ടികള്‍ക്കായി ഹൃദ്രോഗ പരിശോധനാ ക്യാമ്പ് നടത്തിയിരുന്നു. പങ്കെടുത്തവരില്‍ 14 കുട്ടികള്‍ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യകുട്ടിയാണ് നസീബ.
കോട്ടയത്തെ ഭാരത് കാര്‍ഡിയോ വാസ്‌കുലാര്‍ ഹോസ്പിറ്റലിലെ വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം നസീബ തിരൂരിലെ വീട്ടില്‍ തിരിച്ചെത്തി.
വിവിധ ആസ്പത്രികളില്‍ ശസ്ത്രക്രിയയ്ക്കായി നസീബയുടെ വീട്ടുകാര്‍ സമീപിച്ചപ്പോള്‍ അഞ്ചുലക്ഷത്തോളം രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ജനമൈത്രി പോലീസിന്റെ ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ 90,000 രൂപയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഈ പണം വീട്ടുകാര്‍ പലരുടെയും സഹായത്തോടെ ശേഖരിക്കുകയായിരുന്നു.
തിരൂര്‍ സി.ഐ ആര്‍. റാഫി, എസ്.ഐ ജ്യോതീന്ദ്രകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സീമ, അലി അക്ബര്‍ എന്നിവര്‍ നസീബയെ കാണാന്‍ വീട്ടിലെത്തിയിരുന്നു.