
മന്ത്രി എ.പി. അനില്‍കുമാര്‍ കഴിഞ്ഞവര്‍ഷം രക്ഷാപ്രവര്‍ത്തനത്തിനായി കുമരകത്തുനിന്ന് ടൂറിസംവകുപ്പിന്റെ ബോട്ട് എത്തിച്ചിരുന്നു. കഴിഞ്ഞതവണ കുമരകത്തുനിന്നെത്തിച്ച ബോട്ട് ശബരിമല തീര്‍ഥാടനകാലം കഴിഞ്ഞതോടെ ടൂറിസംവകുപ്പ് തിരിച്ചുകൊണ്ടുപോവുകയാണുണ്ടായത്.
എന്നാല്‍ ഇത്തവണ തീര്‍ഥാടനകാലം തുടങ്ങിയിട്ടും ബോട്ട് എത്തിക്കുന്നതിനുള്ള നടപടികളൊന്നുമായിരുന്നില്ല. ഇത്തവണ ദുരന്തമുണ്ടായതിനെത്തുടര്‍ന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ മിനിപമ്പ സന്ദര്‍ശിക്കുകയും ബോട്ട് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അറിയിച്ചിരുന്നു.
വൈകുന്നേരം മന്ത്രി പി.കെ. അബ്ദുറബ്ബ് മിനിപമ്പ സന്ദര്‍ശിച്ചിരുന്നു. ബോട്ട് ലഭിച്ചില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പ്രശ്‌നത്തില്‍ മന്ത്രി ഇടപെട്ടത്. തുടര്‍ന്ന് ടൂറിസംവകുപ്പ് മന്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കളക്ടറെ ഫോണില്‍വിളിച്ച് ബോട്ട് എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
തിങ്കളാഴ്ച ബോട്ട് എത്തിക്കാനായില്ലെങ്കില്‍ തോണി എത്തിച്ച് താത്കാലിക പരിഹാരം കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുരക്ഷ ശക്തമാക്കാനും കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പുഴക്കടവിലേക്ക് നാല് ലൈഫ് ഗാര്‍ഡുകളെക്കൂടി അധികമായി നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. കൂടുതല്‍ പോലീസുകാരെ നിയോഗിക്കാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു.