എടക്കര: കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ നിലമ്പൂര്‍ ഡി.എഫ്.ഒയെ ആനമറിയില്‍ ഉപരോധിച്ചു. പുഞ്ചക്കൊല്ലി ആദിവാസി കോളനിക്കാരും നാട്ടുകാരും ചേര്‍ന്നാണ് നോര്‍ത്ത് ഡി.എഫ്.ഒ ജോര്‍ജ് പി. മാത്തച്ചനെ തടഞ്ഞത്.
കാട്ടാനകള്‍ക്ക് കുടിവെള്ളത്തിനായി തടയണ നിര്‍മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനാണ് ഡി.എഫ്.ഒയും സംഘവും ആനമറിയില്‍ എത്തിയത്. സ്ഥലം കണ്ടശേഷം 11 മണിയോടെ തിരിച്ചെത്തിയ സംഘത്തെ നെല്ലിക്കുത്ത് ഫോറസ്റ്റ്‌സ്റ്റേഷന്‍ ഓഫീസിന് മുമ്പില്‍ തടയുകയായിരുന്നു.
പുഞ്ചക്കൊല്ലി വനപാതയില്‍ ഭീഷണി ഉയര്‍ത്തുന്ന ആനകളെ വനത്തിലേക്ക് തുരത്തുക, വനപാത ഗതാഗതയോഗ്യമാക്കുക, പാതയ്ക്ക് ഇരുവശമുള്ള അടിക്കാടുകള്‍ 100മീറ്റര്‍ വീതിയില്‍ വെട്ടിമാറ്റുക എ ന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. 
തുടര്‍ന്ന് സമരക്കാര്‍ ഡി.എഫ്.ഒയുടെ ജീപ്പിന് മുമ്പില്‍ കുത്തിയിരുന്നു.
പഞ്ചായത്തംഗം സാവിത്രി ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സമരം പിന്‍വലിച്ചു. സമരത്തിന് കോളനിയിലെ കോട്ടചാത്തന്‍, സെല്‍വന്‍, മാഞ്ചന്‍, ചേന്നന്‍, നാട്ടുകാരായ എം. ദിനേശ്കുമാര്‍, റഹീം ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
Top