മലപ്പുറം: റോഡപകടങ്ങള്‍ തടയാന്‍ ബോധവത്കരണത്തിനായി മലപ്പുറം പോലീസ് ട്രാഫിക് യൂണിറ്റ് ഡോക്യുമെന്ററി തയ്യാറാക്കി. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ശുഭയാത്ര' എന്ന ഡോക്യുമെന്ററി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയും പ്രദര്‍ശനം സംഘടിപ്പിക്കും.

റോഡപകടങ്ങളില്‍പെട്ടവരുടെ ജീവിതാനുഭവങ്ങളും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും അപകടത്തില്‍പ്പെട്ടാല്‍ ചെയ്യേണ്ട അടിയന്തര കാര്യങ്ങളെക്കുറിച്ചുമെല്ലാം ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു. ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്റെ നിര്‍ദേശാനുസരണം മലപ്പുറം ട്രാഫിക് യൂണിറ്റിലെ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ സി. പി. പ്രദീപ്കുമാറാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. അപകടത്തിന് ഇരയായവരുടെ ഓര്‍മദിനത്തില്‍ ഡോക്യുമെന്ററിയുടെ പ്രകാശനം ഡിവൈ.എസ്. പി യു. അബ്ദുല്‍കരീം വാഹനാപകടത്തിന് ഇരയായ മുസ്തഫയ്ക്ക് നല്‍കി നിര്‍വഹിച്ചു. ട്രാഫിക് എസ്.ഐ കെ. മുഹമ്മദാലി , പ്രധാനാധ്യാപകന്‍ മൊയ്തീന്‍കുട്ടി, വി. ഗോപിനാഥ്, സന്തോഷ്, എസ്. അഭിലാഷ്, സി.പി. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top