മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ യൂണിയന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അത്‌ലറ്റ് മീറ്റ് മുടങ്ങി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ചൊവ്വാഴ്ച മലപ്പുറം ഗവ. കോളേജിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഒരുവിഭാഗം അധ്യാപകസംഘടന നിസ്സഹകരിച്ചതാണ് അത്‌ലറ്റ് മീറ്റ് മുടങ്ങാന്‍ കാരണമെന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. രണ്ടാംതിയ്യതി ചേര്‍ന്ന യോഗത്തിലാണ് 19, 20 തിയ്യതികളില്‍ അത്‌ലറ്റ് മീറ്റ് നടത്താന്‍ തീരുമാനിച്ചതെന്നും അതനുസരിച്ച് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന വിശിഷ്ടാതിഥികളെവരെ നിശ്ചയിച്ചിരുന്നതായും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഇതിനിടയിലാണ് മീറ്റ് മുടങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയായിരുന്നു. ചൊവ്വാഴ്ച ചര്‍ച്ചനടക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
 
Top