
മലപ്പുറം: നടപടികള്‍ തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അനിശ്ചിതത്വത്തിലായിരുന്ന ദേശീയപാത വികസനത്തില്‍ വീണ്ടും പ്രതീക്ഷകള്‍ ഉണരുന്നു. ദേശീയപാത വികസനം അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്ഥലമെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച തിരുവനന്തപുരത്ത് യോഗംവിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. റോഡിന്റെ വീതി 70 മീറ്ററെങ്കിലുമായിരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എന്നാല്‍, ചില തീവ്രവാദ സംഘടനകള്‍ അത് 25 മീറ്ററാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊടിയെടുത്തിരിക്കുന്നതെന്നും കഴിഞ്ഞദിവസം മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടത് ചര്‍ച്ചാ വിഷയമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം റോഡിന്റെ വീതി 60 മീറ്റര്‍ ആക്കണമെന്നാണെങ്കിലും കോണ്‍ഗ്രസ് അടക്കം ഉയര്‍ത്തിയ എതിര്‍പ്പിന്റെ ഫലമായാണ് അത് 45 മീറ്ററാക്കി ചുരുക്കിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി രണ്ട് തവണ വിജ്ഞാപനം നടത്തിയെങ്കിലും തുടര്‍നടപടിയായിട്ടില്ല. രണ്ടാംതവണ നടത്തിയ വിജ്ഞാപനത്തിന്റെ കാലാവധിയും വരുന്ന മാസത്തോടെ കഴിയും. നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് ആദ്യം 60 മീറ്റര്‍ ഏറ്റെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അത് 45 മീറ്റര്‍മതിയെന്നുവെയ്ക്കുകയായിരുന്നു. ദേശീയപാത വികസന നടപടികള്‍ 2009 ലാണ് തുടങ്ങിയത്. സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്കായി പ്രത്യേക ഓഫീസും തുറന്നിരുന്നു. ലക്ഷക്കണക്കിന് രൂപ ഇതിനകം ദേശീയപാത വികസനവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ക്കായി ചെലവായെങ്കിലും വികസന കാര്യങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലയില്‍തന്നെ 1600 ലേറെ പരാതികള്‍ സമര്‍പ്പിച്ചിരുന്നു. വര്‍ധിച്ചുവരുന്ന വാഹനസാന്ദ്രത പരിഗണിക്കുമ്പോള്‍ റോഡ്‌വികസനം അനിവാര്യമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ലെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച കാര്യങ്ങളിലാണ് പരാതികള്‍ നിലനില്‍ക്കുന്നത്. അതേസമയം റോഡ് വികസനത്തെ എതിര്‍ക്കുന്നത് തീവ്രവാദ സംഘടനകളാണെന്ന മന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ആസാദ് പറഞ്ഞു. പാത വികസനത്തിന് എതിരല്ല. പുനരധിവാസം ഉറപ്പാക്കാതെ ഭൂമി കൈയേറുന്നതിനെയാണ് എതിര്‍ക്കുന്നത്. മുപ്പത് മീറ്ററില്‍ ആറുവരിപ്പാതയും മീഡിയനും ഇരുവശങ്ങളിലും നടപ്പാതയും സാധ്യമാകുമെന്നിരിക്കെ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.